തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ സിപിഎം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും പരോക്ഷമായി വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ.
കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറന്പ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിച്ചപ്പോൾ തന്നെ വിവാദങ്ങൾ ഉണ്ടായെന്നും എന്നാൽ, തിരുത്തൽ വരുത്താൻ പാർട്ടി നേതൃത്വം തയാറായില്ലെന്നുമുള്ള കടുത്ത വിമർശനമാണു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗംകൂടിയായ പുത്തലത്തു ദിനേശൻ ഉയർത്തുന്നത്. ഇക്കാര്യത്തിൽ പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വത്തെ മാത്രമല്ല ഇതുവഴി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെത്തന്നെയാണു അദ്ദേഹം പ്രതിക്കൂട്ടിൽ നിർത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങളെ സംബന്ധിച്ച് സിപിഎം സംസ്ഥാന സമിതിയുടെ റിപ്പോർട്ട് പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ചർച്ച ചെയ്തു. റിപ്പോർട്ട് ചർച്ച ചെയ്തുവരുന്ന ഘട്ടത്തിലായിരുന്നു പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി.എം. തോമസ് ഐസക്കും പി. രാജീവും സ്ഥാനാർഥിനിർണയത്തിനെതിരേയും തെരഞ്ഞെടുപ്പിലെ മുദ്രാവാക്യങ്ങളിലെ പാളിച്ചകളെ സംബന്ധിച്ചും പരസ്യമായി രംഗത്തുവന്നത്.
സാധാരണയായി സിപിഎമ്മിൽ നേതാക്കൾ പരസ്യമായി ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്താറില്ല. മുൻ മന്ത്രിമാരായ ഇവർക്കു പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന നേതൃത്വത്തിനു പറ്റിയ പാളിച്ചകൾക്കെതിരേ നിലപാടു സ്വീകരിച്ചു. ഇതോടെ കൂടുതൽ പ്രതിരോധത്തിലായതു പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമാണ്. ഇപ്പോൾ പിണറായിയുടെ വിശ്വസ്തനായ പുത്തലത്ത് ദിനേശൻകൂടി പരസ്യ വിമർശനവുമായി എത്തിയതോടെ സിപിഎം നേതൃത്വത്തിലെ പോരായ്മകൾ കൂടുതൽ വെളിപ്പെടുകയാണ്.
ശബരിമല ദേവസ്വം ബോർഡ് അയ്യപ്പസംഗമം നടത്തിയപ്പോൾ ആർഎസ്എസ് പശ്ചാത്തലമുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതു ശരിയായില്ലെന്നു പുത്തലത്ത് ദിനേശൻ സമ്മതിക്കുന്നു.
സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ജയിലിലായിരിക്കുന്ന സമയത്തു നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. എങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്തു നടപടിയെടുക്കാത്തതു പോരായ്മയാണ്.
കൂടാതെ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച ആറുപേർ ഇടതുമുന്നണിക്കെതിരായി മത്സരിച്ചതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നതിനിടയാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തു നടത്തിയ പ്രസംഗത്തിലെ മുസ്ലിംവിരുദ്ധ പരാമർശങ്ങളോടു സിപിഎമ്മിനുള്ള വിയോജിപ്പു വ്യക്തമാക്കിയതാണ്. എന്നാൽ, കുറേക്കൂടി വ്യക്തമായും വിമർശനപരമായും പ്രസ്താവന നൽകുന്ന കാര്യത്തിൽ പോരായ്മ സംഭവിച്ചു. ഇത് എതിരാളികൾക്കു തെറ്റായ പ്രചാരണത്തിന് അവസരം നൽകിയെന്നും തന്റെ ഫേസ് ബുക്കിലൂടെ പുത്തലത്ത് ദിനേശൻ വ്യക്തമാക്കുകയാണ്.
പുത്തലത്ത് ദിനേശനെപ്പോലുള്ള നേതൃനിരയിലുള്ള പ്രധാന നേതാക്കൾതന്നെ പാർട്ടി നേതൃത്വത്തിനെതിരേ പരസ്യമായി നിലപാടെടുക്കുന്നതു സിപിഎമ്മിനെ സംഘടനാപരമായി കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.